11:13pm 23 September 2026
NEWS
ബിഡദി ടൗൺഷിപ്പ്: കർഷക പ്രതിഷേധം ശക്തമാകുന്നു.
23/09/2026  11:02 AM IST
വിഷ്ണുമംഗലം കുമാർ
ബിഡദി ടൗൺഷിപ്പ്: കർഷക പ്രതിഷേധം ശക്തമാകുന്നു

 

ബംഗളുരു: ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനെട്ട് മാസത്തിലേറെയായി തുടരുന്ന ‘നമ്മ ഭൂമി, നമ്മ ഹക്കു’ സമരം, ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് അനിശ്ചിതകാല ഉപവാസ സത്യാഗ്രഹത്തിലേക്ക് മാറി. ഭൈരമംഗലയിൽ കർഷകരും സ്ത്രീകളും റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയും ഭൂരേഖ ഏറ്റെടുക്കൽ നടപടി പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഹാരോഹള്ളി–ബിഡദി പ്രധാന റോഡിൽ കർഷകർ ട്രാക്ടറും കാളവണ്ടിയും നിർത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനായി റോഡിൽ ഷാമിയാന സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതിനെ തുടർന്ന് കർഷകരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. 
സർക്കാർ രൂപീകരിച്ച സമിതി ഇതുവരെ ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുടെ പരാതികൾ കേട്ടിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതേസമയം, വിരമിച്ച ജസ്റ്റിസ് ഗുഹനാഥൻ നരേന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി ഈ മാസം 25 മുതൽ ഗ്രാമങ്ങൾ സന്ദർശിച്ച് ഭൂവുടമകളുടെയും കർഷകരുടെയും പരാതികൾ കേൾക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന അതോറിറ്റി അറിയിച്ചിട്ടുണ്ട്. 
ഏകദേശം 9,600 ഏക്കർ പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ കർഷകർ പ്രധാനമായും ഉന്നയിക്കുന്നത് കൃഷിഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയാണ്. സർക്കാർ പദ്ധതിയെ ഭാവിയിലെ നഗരവികസനത്തിന്റെ ഭാഗമായി കാണുമ്പോൾ, ഭൂമി നഷ്ടപ്പെടുന്ന കർഷകർ പുനരധിവാസവും ഉപജീവനവും സംബന്ധിച്ച ആശങ്കകളാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ, ബിഡദി ടൗൺഷിപ്പ് വിഷയം നിയമസഭയിലും ചർച്ചയാകാനിരിക്കുകയാണ്.  21ന് ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതിനാൽ,  25ന് ആരംഭിക്കാനിരിക്കുന്ന സമിതി സന്ദർശനവും സർക്കാരിന്റെ തുടർനടപടികളും പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം നിർണയിക്കുന്ന പ്രധാന ഘടകങ്ങളാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img